Home Top Stories‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടി’; വിമർശനങ്ങൾക്ക് സതീശന്റെ മറുപടി

‘ധവളപത്രം ഉമ്മാക്കിയല്ല, എൽഡിഎഫ് സർക്കാരിന് നേരെ പിടിച്ച കണ്ണാടി’; വിമർശനങ്ങൾക്ക് സതീശന്റെ മറുപടി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഭയപ്പെടുത്താനുള്ള രേഖയല്ലെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധവളപത്രത്തെ വിമർശിച്ച് പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ 5,000 കോടി രൂപ ഉണ്ടായിരുന്നുവെന്ന പ്രചാരണം വസ്തുതാപരമല്ലെന്നും, മെയ് 16-നുള്ള കണക്കുപ്രകാരം ട്രഷറിയിൽ ഏകദേശം 2,000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക രംഗത്ത് സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി പദ്ധതിയെ തുടക്കം മുതൽ വിമർശിച്ചിരുന്ന വ്യക്തിയാണ് താനെന്നും കിഫ്ബി വഴി എടുത്ത വായ്പകളുടെ പലിശനിരക്ക് സംസ്ഥാനത്തിന് വലിയ ബാധ്യത സൃഷ്ടിച്ചുവെന്നും സതീശൻ ആരോപിച്ചു. സംസ്ഥാന സർക്കാർ ഗ്യാരണ്ടിയിൽ എടുത്ത ഈ വായ്പകളുടെ ബാധ്യത ഇപ്പോൾ പുതിയ സർക്കാരിന്റെ ചുമലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബി ഒരു സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചിരുന്നുവെന്നും ധനവകുപ്പുമായി വേണ്ടത്ര ഏകോപനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കിഫ്ബിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും സംസ്ഥാനത്തിന് ദോഷകരമാകാത്ത വിധത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക ശാസ്ത്രീയത പുനഃസ്ഥാപിക്കുന്നതിനും ധനകാര്യ നിയന്ത്രണം ശക്തമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങളിലും പ്രതികരിച്ച സതീശൻ, വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫിന്റെ വോട്ട് വിഹിതം പല സ്ഥലങ്ങളിലും കുറഞ്ഞതായി അവകാശപ്പെട്ടു. മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്ന യുഡിഎഫിനാണ് ജനങ്ങൾ പിന്തുണ നൽകിയതെന്നും വർഗീയ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like