കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഭാഗമായുള്ള ‘അഗ്നിപരീക്ഷ’ പ്രീ-ഷോയ്ക്ക് തുടക്കമാകാൻ ഇനി 18 ദിവസം മാത്രം. ഓഗസ്റ്റ് 15 മുതൽ ഷോ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ കൗണ്ട്ഡൗൺ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
സാധാരണക്കാർക്കായി ഒരുക്കുന്ന പ്രത്യേക പ്രീ-ഷോയായ ‘അഗ്നിപരീക്ഷ’ നിശ്ചിത എപ്പിസോഡുകളുള്ള സ്പിൻ-ഓഫ് പരിപാടിയായിരിക്കും. പ്രധാന സീസൺ ആരംഭിക്കുന്നതിന് മുമ്പ് സംപ്രേഷണം ചെയ്യുന്ന ഈ ഷോയിൽ പങ്കെടുക്കുന്നത് മുഴുവൻ കോമണർ മത്സരാർത്ഥികളായിരിക്കും.
അപേക്ഷകർ സമർപ്പിച്ച വീഡിയോകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത 45 മുതൽ 50 വരെ പേരെയാണ് ‘അഗ്നിപരീക്ഷ’യിൽ ഉൾപ്പെടുത്തുക. വിവിധ ടാസ്ക്കുകളിലൂടെ മത്സരിക്കുന്ന ഇവർക്ക് പ്രേക്ഷക വോട്ടിംഗും ഉണ്ടായിരിക്കും.
‘അഗ്നിപരീക്ഷ’യിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നോ അതിലധികമോ പേർക്ക് ബിഗ് ബോസ് മലയാളം സീസൺ 8-ൽ മത്സരാർത്ഥികളാകാൻ അവസരം ലഭിക്കും. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോമണർ മത്സരാർത്ഥികൾ പ്രധാന സീസണിലേക്ക് എത്തുന്ന സീസണായിരിക്കും ഇത് എന്ന വിലയിരുത്തലുമുണ്ട്.
ഇതിന് സമാനമായ മാതൃകയിൽ നടന്ന തെലുങ്ക് ബിഗ് ബോസ് സീസണിൽ ‘പ്രീ-ഷോ’ വഴി ആറ് പേരെയാണ് പ്രധാന മത്സരത്തിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്. മലയാളം പതിപ്പിലും സമാന രീതിയിലാണ് കോമണർ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.
