Home Sports‘കോലിയുടെ ഉപദേശം കേട്ട് ഒന്നര വർഷം പിന്തുടർന്നു, പക്ഷെ പിന്നീട് സാധിച്ചില്ല’; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

‘കോലിയുടെ ഉപദേശം കേട്ട് ഒന്നര വർഷം പിന്തുടർന്നു, പക്ഷെ പിന്നീട് സാധിച്ചില്ല’; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

by news_desk
0 comments

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ ഫിറ്റ്‌നസ് സംസ്കാരം തന്നെ മാറ്റിമറിച്ച മുൻ നായകൻ വിരാട് കോലി നൽകിയ ഉപദേശങ്ങളെക്കുറിച്ചും, അത് ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. കരിയറിന്റെ തുടക്കകാലത്ത് കോലിയിൽ നിന്ന് ലഭിച്ച ഫിറ്റ്‌നസ് നിർദേശങ്ങൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും പിന്നീട് അത് തുടരാൻ സാധിക്കാതെ പോയെന്നാണ് സഞ്ജു വ്യക്തമാക്കിയത്. ജിയോസ്റ്റാറിന്റെ ‘ബിലീവ്’ പരിപാടിയിലാണ് സഞ്ജു മനസ്സുതുറന്നത്.

ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിനിടെ ജിമ്മിൽ വെച്ചാണ് സഞ്ജു കോലിയോട് ഫിറ്റ്നസ് ഉപദേശം തേടുന്നത്. ജിമ്മിൽ കഠിനമായി പരിശീലനം നടത്തുകയായിരുന്ന കോലിയോട്, അന്താരാഷ്ട്ര തലത്തിൽ നീണ്ട കരിയർ പടുത്തുയർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയായിരുന്നു. കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവക്കാരനാണ് വിരാട് ഭായെന്നും, ജിമ്മിൽ അദ്ദേഹത്തിന്റെ ഊർജ്ജവും അർപ്പണബോധവും കാണുന്നത് പ്രത്യേക അനുഭവമാണെന്നും സഞ്ജു ഓർത്തെടുത്തു.

അന്താരാഷ്ട്ര തലത്തിൽ തിളങ്ങണമെങ്കിൽ തീർത്തും വ്യത്യസ്തമായ ജീവിതശൈലി വേണമെന്ന് നിർദേശിച്ച കോലി, കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞുനൽകി. അടുത്ത 10 വർഷം ഇത് കൃത്യമായി പാലിച്ചാൽ മികച്ചൊരു കരിയർ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കോലി നിർദേശിച്ച കടുത്ത ഡയറ്റും വർക്കൗട്ട് രീതികളും അതേപടി ഒന്നര വർഷത്തോളം സഞ്ജു ജീവിതത്തിൽ പകർത്തിയെങ്കിലും, ആ കാർക്കശ്യം ദീർഘകാലം നിലനിർത്താൻ തനിക്ക് സാധിച്ചില്ലെന്ന് താരം സമ്മതിച്ചു. പിന്നീട് ഈ കഠിനമായ ശൈലിയിൽ നിന്ന് ട്രാക്ക് തെറ്റുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ കടുത്ത മത്സരങ്ങളെക്കുറിച്ചും സഞ്ജു അഭിമുഖത്തിൽ സംസാരിച്ചു. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ശ്രമിക്കുന്നതിനേക്കാൾ, സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. 2028-ലെ ടി20 ലോകകപ്പ് ടീം സെലക്ഷനിൽ കാര്യങ്ങൾ അനുകൂലമായില്ലെങ്കിലും, ലഭിച്ച അവസരങ്ങളിലും കടന്നുപോയ വഴികളിലും പൂർണ്ണ സന്തോഷവാനായിരിക്കുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

You may also like