Home Internationalജപ്പാനിൽ അതിശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ്

by news_desk
0 comments

ടോക്കിയോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

ഭൂചലനമുണ്ടായ മേഖലകളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണിട്ടുണ്ട്. ഒട്ടേറെ ആളുകൾക്ക് പരിക്കേറ്റതായി ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി സ്ഥിരീകരിച്ചു. അതേസമയം, പ്രസ്തുത മേഖലയിലെ ആണവ നിലയങ്ങളിൽ ഇതുവരെ അസ്വാഭാവികമായി ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജപ്പാനിൽ ഇത്രയും ശക്തമായ ഭൂചലനമുണ്ടാകുന്നത്. ജൂലായ് 25-ന് രാജ്യത്തിന്റെ വടക്കൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നെങ്കിലും, അന്ന് കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.

You may also like