തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കാനുള്ള കടുത്ത നടപടികൾ ആഭ്യന്തര വകുപ്പ് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ പ്രധാന ഉറവിടങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സംശയമുനയിലുള്ള മുഴുവൻ ആളുകളെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും, സ്കൂളുകൾക്ക് മുന്നിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിപണി കണ്ടെത്താനാണ് അന്താരാഷ്ട്ര ലഹരി മാഫിയകളുടെ ശ്രമം. ഇതിനകം തന്നെ രണ്ട് പ്രധാന അന്താരാഷ്ട്ര സംഘാംഗങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ട്. ലഹരി മാഫിയയ്ക്കെതിരെയുള്ള പ്രത്യേക നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ വഴി 60 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇതുവരെ കണ്ടെടുത്തത്. 16 പ്രതികളുള്ള ഒരു കേസിൽ നൈജീരിയൻ പൗരനായ സാമുവലിനെ ഡൽഹിയിൽ നിന്നും, പത്തനംതിട്ടയിലെ മറ്റൊരു കേസിൽ എൽസീന എന്ന വിദേശ വനിതയെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.
ലഹരിക്കടത്തിനെതിരെ വിവരങ്ങൾ ശേഖരിക്കാൻ ‘തൂഫാൻ വിജിലൻസ്’ എന്ന പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ലഹരിക്കടത്തുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ 9497979794, 9497927797 എന്നീ നമ്പറുകളിലും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലും പൊലീസിനെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. മുൻ സർക്കാർ നടപ്പാക്കിയ ‘ഓപ്പറേഷൻ ഡി ഹണ്ടി’ന്റെ തുടർച്ചയായി തന്നെയാണ് കൂടുതൽ ശക്തവും ശാസ്ത്രീയവുമായി ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസം ആരോഗ്യ, എക്സൈസ് വകുപ്പുകളുമായി ചേർന്ന് നടപ്പാക്കും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കാമ്പെയ്നൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം നിശ്ചിത അളവ് വരെ ലഹരിവസ്തുക്കൾ കൈവശം വെക്കാമെന്ന കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് 625 ഗ്രാം എം.ഡി.എം.എ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ (SHO) സംവിധാനത്തിലെ പരിഷ്കാരം സമയബന്ധിതമായി വേഗത്തിൽ നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ എസ്.എച്ച്.ഓ സംവിധാനം വന്നതോടെ എസ്.ഐമാരുടെ പ്രവർത്തനങ്ങളിൽ വലിയ മാന്ദ്യം സംഭവിച്ചതായി പൊതുജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പരാതി ഉയർന്നിരുന്നു. മുൻ സർക്കാർ ചെയ്ത കാര്യമായതു കൊണ്ട് മാത്രം ഈ പരിഷ്കാരം ഉപേക്ഷിക്കില്ലെന്നും, ഇതിനായി നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരം മാത്രമേ അന്തിമ മാറ്റമുണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. പഴയ പോലീസ് സ്റ്റേഷൻ സംവിധാനം തന്നെയാണ് കൂടുതൽ ഫലപ്രദമെന്ന് ഭൂരിഭാഗം ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

