ഐഐടികളിലേക്കുള്ള പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയും വിവരച്ചോർച്ചയും ഉണ്ടായെന്ന ആരോപണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളി. പരീക്ഷാർഥികളുടെ വ്യക്തിഗത വിവരങ്ങളോ മാർക്കുകളോ പരീക്ഷാഫലങ്ങളോ ചോർന്നിട്ടില്ലെന്നും എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സൈബർ സുരക്ഷാ ഗവേഷകനെന്ന് പരിചയപ്പെടുത്തിയ റെയ്ലെൻ അനിൽ എന്ന വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദത്തിന് തുടക്കമായത്. പരീക്ഷാ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിരുന്ന ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിൽ സുരക്ഷാ പോരായ്മകളുണ്ടെന്നും, പരീക്ഷയെഴുതിയ വിദ്യാർഥികളുടെ വിവരങ്ങൾ അനുമതിയില്ലാതെ ലഭ്യമാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പരീക്ഷാർഥികളുടെ പേര്, ഇ-മെയിൽ വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, അഡ്മിറ്റ് കാർഡ് വിവരങ്ങൾ, പരീക്ഷാഫലങ്ങൾ എന്നിവ പൊതുവേദിയിൽ ലഭ്യമാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായതോടെ വിവിധ സംഘടനകളും വിഷയത്തിൽ പ്രതികരിച്ചു.
അതേസമയം, പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഐഐടി റൂർക്കി പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. വിവരങ്ങളിൽ അനധികൃതമായി മാറ്റം വരുത്താൻ സാധിക്കില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
വിവരച്ചോർച്ച സംബന്ധിച്ച മുന്നറിയിപ്പ് നൽകിയതിന് റെയ്ലെൻ അനിലിന് ഐഐടി റൂർക്കി നന്ദി രേഖപ്പെടുത്തിയെങ്കിലും, വിദ്യാർഥികളുടെ വിവരങ്ങൾ എത്രത്തോളം പുറത്തുവന്നുവെന്ന കാര്യത്തിൽ വിശദമായ പ്രതികരണം നൽകിയിട്ടില്ല.
ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ നടത്തിപ്പ് ഐഐടി റൂർക്കിക്കായിരുന്നു. പരീക്ഷാഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. വിവരസുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, പരീക്ഷാ സംവിധാനങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുകയാണ്.

