വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ അയൽരാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളങ്ങളാക്കി മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ. ഇറാന്റെ അതിർത്തി പങ്കിടുന്ന അസർബൈജാൻ, ആഫ്രിക്കൻ തീരത്തെ സ്വയംഭരണ പ്രദേശമായ സൊമാലിലാൻഡ്, ഇറാഖ് കൂടാതെ ചില ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇസ്രായേലിന്റെ അതീവ രഹസ്യ താവളങ്ങൾ പ്രവർത്തിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ താവളങ്ങളിൽ ഇസ്രായേൽ തങ്ങളുടെ പ്രത്യേക സൈനിക വിഭാഗങ്ങളെയും പ്രമുഖ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉദ്യോഗസ്ഥരെയും രഹസ്യമായി വിന്യസിച്ചതായാണ് വിവിധ രാജ്യങ്ങളുടെ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ വടക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന തെക്കൻ അസർബൈജാനിലെ ചില തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഇസ്രായേലിന്റെ പ്രധാന താവളങ്ങൾ പ്രവർത്തിച്ചിരുന്നത്. പ്രത്യേക കമാൻഡോ ഓപ്പറേഷൻ വിഭാഗങ്ങൾ, വ്യോമസേനയുടെ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ എന്നിവരടങ്ങുന്ന സന്നാഹമാണ് ഇവിടെയുണ്ടായിരുന്നത്. ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയ ഇറാനിലെ തബ്രീസ് നഗരത്തിൽ നിന്ന് വെറും 60 മൈൽ മാത്രം അകലെയായിരുന്നു അസർബൈജാനിലെ ഈ താവളം. ഇവിടെനിന്നും ഇറാനിലേക്ക് ഡ്രോൺ നിരീക്ഷണം നടത്തുകയും നിർണ്ണായക വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. യുദ്ധസമയത്ത് വടക്കൻ ഇറാനിൽ പൂർണ്ണ നിരീക്ഷണം ഉറപ്പാക്കാനും കൃത്യമായ ലക്ഷ്യങ്ങളിലേക്ക് ആക്രമണം നയിക്കാനും ഇസ്രായേൽ ഈ കേന്ദ്രങ്ങളാണ് ഉപയോഗിച്ചത്. ചില രാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ നേരിട്ടുള്ള അനുമതിയോടെയും, മറ്റു ചിലയിടങ്ങളിൽ അതീവ രഹസ്യമായി അനുമതിയില്ലാതെയുമാണ് ഇസ്രായേൽ ഈ താവളങ്ങൾ സ്ഥാപിച്ചതെന്നാണ് വിവരം.
അസർബൈജാന് പുറമെ ഇറാഖ്, സൊമാലിലാൻഡ് എന്നിവടങ്ങളിലെ താവളങ്ങൾ വഴി ഇറാന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് അതിർത്തികളെ ഒരേസമയം വളയാൻ ഇസ്രായേലിന് കഴിഞ്ഞു. ഇറാൻ്റെ ഉൾപ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേലിനെ സഹായിച്ചത് ഈ പശ്ചിമേഷ്യൻ ശൃംഖലയാണ്. ആഫ്രിക്കൻ തീരത്തുള്ള സൊമാലിലാൻഡിലെ താവളം പ്രധാനമായും ഇസ്രായേലി പോർവിമാനങ്ങൾക്ക് ഇറാനിലേക്കുള്ള ദീർഘദൂര യാത്രകളിൽ ഇന്ധനം നിറയ്ക്കാനും തങ്ങാനുമുള്ള ഇടമായാണ് ഉപയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ സൊമാലിലാൻഡിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഇസ്രായേൽ മാറിയിരുന്നു. അതേസമയം, ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ അസർബൈജാൻ എംബസി വക്താവ് അറിയിച്ചു. ആരോപണങ്ങൾ തള്ളിക്കളയുന്നതായി അസർബൈജാൻ വ്യക്തമാക്കിയപ്പോൾ, വിഷയത്തിൽ പ്രതികരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ല.

