തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതു സർക്കാർ നടപ്പാക്കിയ മൂന്ന് പ്രമുഖ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ഉന്നത ദേശീയ അംഗീകാരം. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കെ-സ്മാർട്ട് (K-SMART), ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ പദ്ധതികളെയാണ് രാജ്യം മുഴുവൻ മാതൃകയാക്കേണ്ട മികച്ച പ്രവർത്തനങ്ങളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണ്ണമായും സുതാര്യവും അതിവേഗത്തിലും ജനങ്ങൾക്ക് ലഭ്യമാക്കിക്കൊണ്ട് രാജ്യം മാതൃകയാക്കേണ്ട അത്യാധുനിക സാങ്കേതിക മുന്നേറ്റമാണ് കേരളം വികസിപ്പിച്ച ‘കെ-സ്മാർട്ട്’ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളെ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിച്ച ഈ പദ്ധതി പൊതുജന സേവന രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കുറിച്ചതെന്നാണ് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച ‘ഡിജി കേരളം’ പദ്ധതിയും ദേശീയതലത്തിൽ ശ്രദ്ധേയമായി. സമൂഹത്തിലെ ഡിജിറ്റൽ രംഗത്തെ വിടവുകൾ ഇല്ലാതാക്കുന്നതിലും, സാർവത്രിക ഡിജിറ്റൽ സാക്ഷരതയുടെ നേട്ടങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിച്ചതായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇവയ്ക്ക് പുറമെ, കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉത്തമ ഉദാഹരണമായി കേരളത്തിന്റെ ‘പാലിയേറ്റീവ് കെയർ’ (ആശ്വാസകിരണം) പദ്ധതിയെയും മന്ത്രാലയം റിപ്പോർട്ടിൽ പ്രശംസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളുടെ ഭാഗമായി ഫണ്ട് നീക്കിവെച്ച്, കിടപ്പുരോഗികൾക്കും നിരാലംബർക്കും പ്രാദേശിക തലത്തിൽ കൃത്യമായ പരിചരണവും ആശ്വാസവും എത്തിക്കുന്ന കേരളത്തിന്റെ രീതി മറ്റ് സംസ്ഥാനങ്ങൾക്കും പിന്തുടരാവുന്ന മാതൃകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

