പത്തനംതിട്ട: ഒരാഴ്ച നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിൽ റാന്നിയിൽ വൻ മദ്യവേട്ട നടത്തി എക്സൈസ്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ച നിലയിൽ 43 ലിറ്റർ വിദേശമദ്യം കണ്ടെത്തി. സംഭവത്തിൽ കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ അറസ്റ്റിലായി.
എക്സൈസ് ഷാഡോ സംഘത്തിന്റെ പരിശോധനയിലാണ് 86 കുപ്പികളിലായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കോഴിക്കൂട്ടിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. മുൻകൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ ഒരാഴ്ചക്കാലം നിരീക്ഷിച്ച ശേഷമാണ് നടപടി.
ഓർഡർ ലഭിക്കുന്നതനുസരിച്ച് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചുനൽകുന്നതായിരുന്നു പ്രതിയുടെ പ്രവർത്തനരീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രദേശത്ത് അനധികൃത മദ്യവിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് എക്സൈസ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിരുന്നു.
പിടിച്ചെടുത്ത മദ്യശേഖരവും പ്രതിയും തുടർനടപടികൾക്കായി എക്സൈസ് കസ്റ്റഡിയിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.

