കാസർകോട്/കല്പറ്റ: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. പ്രൊഫഷണൽ കോളേജുകൾക്ക് പുറമെ കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
മഴ കനത്തതോടെ വയനാട്ടിലെ മേപ്പാടിയിൽ അതീവ ജാഗ്രതാ നിർദ്ദേശവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജൂൺ 6, 7 (ശനി, ഞായർ) തീയതികളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പൂർണ്ണമായി അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പ്രദേശത്തെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരുകയും എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥരോട് ആസ്ഥാനം വിട്ടുപോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അതിനിടെ, സംസ്ഥാനവ്യാപകമായി കാലവർഷം കടുത്ത നാശനഷ്ടങ്ങളാണ് വിതയ്ക്കുന്നത്. തൃശ്ശൂരിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരൻ ദാരുണമായി മരണപ്പെട്ടു. കാസർകോട് കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിന്റെ വലിയ ചുറ്റുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. കൊച്ചിയിലും കോഴിക്കോടും താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. ആലപ്പുഴ ബൈപ്പാസിനോട് ചേർന്നുള്ള ജനവാസ മേഖലകളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. വരും മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

