തൃശൂർ: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ധവളപത്രത്തിലെ നിർദ്ദേശത്തിനെതിരെ സ്വന്തം മുന്നണിയിൽ നിന്ന് തന്നെ പരസ്യ വിയോജിപ്പ്. യു.ഡി.എഫ് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ സമർപ്പിച്ച ധവളപത്രത്തിലെ ഈ സുപ്രധാന ശുപാർശയെ തള്ളി യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ പോലും പെൻഷൻ പ്രായം ഉയർത്തരുതെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. പെൻഷൻ പ്രായം ഉയർത്തരുതെന്നത് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽ നിന്ന് മൃഗസംരക്ഷണ (സൂ) വകുപ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്ക് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ വിരമിക്കൽ പ്രായം കേന്ദ്ര സർക്കാരിന്റേതിന് തുല്യമായി ഉയർത്തണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നുണ്ട്. റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കേവലം ചെലവ് ചുരുക്കൽ കൊണ്ട് മാത്രം പരിഹരിക്കാനാകില്ലെന്നും ശമ്പളം, പെൻഷൻ, വിരമിക്കൽ പ്രായം എന്നിവയിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
വൻതോതിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് സാഹചര്യമൊരുക്കുക, സഹകരണ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ശമ്പള കമ്മീഷൻ കാലാവധി നിലവിലുള്ള അഞ്ച് വർഷത്തിൽ നിന്നും പത്ത് വർഷത്തിലൊരിക്കലായി പരിമിതപ്പെടുത്തുക എന്നിവയാണ് ധവളപത്രത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടുന്നത് യുവാക്കൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യുവജനക്ഷേമ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചത്.

