Home Keralaതീരത്ത് അടിഞ്ഞ രണ്ട് ഇരുമ്പ് വീപ്പകൾ; കപ്പൽ അവശിഷ്ടങ്ങളാണോയെന്ന് ആശങ്ക

തീരത്ത് അടിഞ്ഞ രണ്ട് ഇരുമ്പ് വീപ്പകൾ; കപ്പൽ അവശിഷ്ടങ്ങളാണോയെന്ന് ആശങ്ക

by news_desk1
0 comments

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് തീരത്ത് രണ്ട് ഇരുമ്പ് വീപ്പകൾ അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ഇടയിൽ ആശങ്ക. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം മൈലാടുംകുന്ന് ഭാഗത്തെ കടൽഭിത്തിയിലായിരുന്നു വീപ്പകൾ കണ്ടെത്തിയത്.

രാവിലെ ആറുമണിയോടെയാണ് തീരത്തോട് ചേർന്ന് ഒഴുകിയെത്തിയ നിലയിൽ വീപ്പകൾ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘവും തീരദേശ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വീപ്പകൾ കരയിലേക്ക് മാറ്റിയപ്പോഴാണ് അവ ഒഴിഞ്ഞതാണെന്ന് വ്യക്തമായത്.

കഴിഞ്ഞ വർഷം കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളുടെയും മറ്റ് വസ്തുക്കളുടെയും അവശിഷ്ടങ്ങൾ ആലപ്പാട് തീരത്ത് വ്യാപകമായി ഒഴുകിയെത്തിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ ഇരുമ്പ് വീപ്പകളും അതിന്റെ ഭാഗമായിരിക്കാമെന്ന സംശയമാണ് ഉയരുന്നത്.

കടലിൽ ഇപ്പോഴും കണ്ടെയ്നറുകളുടെയും മറ്റ് ലോഹവസ്തുക്കളുടെയും അവശിഷ്ടങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യബന്ധന വലകളിൽ ഇത്തരം ലോഹഭാഗങ്ങൾ കുടുങ്ങി വലകൾ നശിക്കുന്ന സംഭവങ്ങൾ പതിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസവും വലയിൽ ലോഹാവശിഷ്ടങ്ങൾ കുടുങ്ങിയതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.

ഇരുമ്പ് വീപ്പകൾ കൂടി തീരത്ത് അടിഞ്ഞെത്തിയതോടെ കടലിലുള്ള അവശിഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

You may also like