കോഴിക്കോട്/കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും ഇരുജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ കേന്ദ്രങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമാകുക. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ പതിവുപോലെ നടക്കും.
കോഴിക്കോട് ജില്ലയിലും കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ കേന്ദ്രങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ അധികൃതർ നിർദേശിച്ചു.
ഇതിനിടെ കനത്ത മഴയെ തുടർന്ന് വയനാട്, കാസർകോട് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ നാല് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.

