പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് നഗരത്തിൽ കറങ്ങിയ അജ്ഞാതനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്.
ബസ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കെഎസ്ആർടിസി ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ ബസ് ഓടിച്ച മോഷ്ടാവ് നിയന്ത്രണം വിട്ട് ഒരു കടയിലും സമീപത്തെ മതിലിലും ഇടിച്ചതായാണ് വിവരം.
ജീവനക്കാർ പിന്തുടരുന്നതറിഞ്ഞ മോഷ്ടാവ് പിന്നീട് മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസിനും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഡിപ്പോയിൽ നിന്ന് ബസ് എങ്ങനെ പുറത്തേക്ക് കൊണ്ടുപോകാനായി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ഡിപ്പോയിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. പ്രതിയെ തിരിച്ചറിയാനും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

