തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ വീഴ്ചകളും അധികാര ദുരുപയോഗങ്ങളും തുറന്നുകാട്ടുന്ന മുൻ ഡിജിപി എ. ഹേമചന്ദ്രന്റെ സർവീസ് അനുഭവക്കുറിപ്പായ ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പുസ്തകത്തിൽ പൊലീസ് സംവിധാനത്തിനുള്ളിലെ അഴിമതി, സ്വാധീന നിയമനങ്ങൾ, അന്വേഷണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ ഹേമചന്ദ്രൻ തുറന്നെഴുതുന്നുവെന്നാണ് വിവരം. സർവീസിലുടനീളം മോശം പശ്ചാത്തലമുണ്ടായിരുന്ന ഒരു എസ്പിക്ക് ഐപിഎസ് പദവി ലഭിച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടെന്നാണ് സൂചന.
രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണത്തിൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പ്രതിപ്പട്ടികയുടെ സ്വാധീനം ഉണ്ടാകാറുണ്ടെന്നും, ഈ വിഷയത്തിൽ ഇടതും വലതും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹേമചന്ദ്രൻ പുസ്തകത്തിൽ പരാമർശിക്കുന്നതായി അറിയുന്നു. പൊലീസിനുള്ളിലെ ചില ഉദ്യോഗസ്ഥരുടെ അധികാര ദുരുപയോഗവും സംവിധാനത്തിലെ അപാകതകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രൻ 2020 മെയ് മാസത്തിലാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മേധാവിയായി വിരമിച്ചത്. സോളാർ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനെന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. നിലവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഉപദേഷ്ടാവായും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം സംസ്ഥാന പൊലീസിൽ വ്യാപക അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന സൂചനകളും ശക്തമാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിമാർ മുതൽ ജില്ലാ പൊലീസ് മേധാവിമാർ വരെയുള്ള തലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില റേഞ്ചുകളിൽ ഡിഐജിമാർക്ക് അധിക ചുമതല നൽകുന്നതും വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതും ആലോചനയിലുണ്ടെന്നാണ് സൂചന.

