കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതി വീണ്ടും പരിഗണിക്കാൻ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദേശിച്ചു. പരാതി തള്ളിയ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ നടപടി.
പൊറോട്ട വാങ്ങുന്ന ഉപഭോക്താവിന് ഗ്രേവി നൽകുന്നത് ഹോട്ടലിന്റെ നിർബന്ധിത കരാർ ബാധ്യതയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കമ്മീഷൻ പരാതി തള്ളിയത്. കൂടാതെ, പരാതി ഔദ്യോഗികമായി ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പുതന്നെ തള്ളുകയും ചെയ്തിരുന്നു.
എന്നാൽ ഈ നടപടി ഉപഭോക്തൃ സൗഹൃദ സമീപനത്തിന് വിരുദ്ധമാണെന്ന് സംസ്ഥാന കമ്മീഷൻ നിരീക്ഷിച്ചു. പരാതിയുടെ ഉള്ളടക്കം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കേണ്ടതാണെന്നും ആദ്യഘട്ടത്തിൽ തന്നെ തള്ളിയത് ശരിയായ നടപടിക്രമമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
2024 നവംബർ 9ന് കോലഞ്ചേരിയിലെ ഒരു ഭക്ഷണശാലയിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി ലഭിച്ചില്ലെന്നാരോപിച്ചാണ് എറണാകുളം സ്വദേശി എസ്. ഷിബു പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട ഹോട്ടലിൽ ഗ്രേവി നൽകുന്നില്ലെന്ന് കണ്ടെത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി ലഭിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ അത് സ്വീകരിക്കണമോയെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും, ഈ കേസിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായതായി സംസ്ഥാന കമ്മീഷൻ ചൂണ്ടിക്കാട്ടി.
പൊറോട്ട പോലുള്ള ഭക്ഷണത്തിനൊപ്പം ഗ്രേവി നൽകേണ്ടതുണ്ടോയെന്നത് തെളിവുകളും സാഹചര്യങ്ങളും പരിഗണിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരനോട് ജൂലൈ 8ന് ജില്ലാ ഉപഭോക്തൃ കമ്മീഷന് മുമ്പാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പരാതിയുടെ വിശദമായ വിചാരണയ്ക്ക് ശേഷമായിരിക്കും തുടർ തീരുമാനം.

