Home Keralaഓട്ടം വിളിച്ച് വാടകക്കാർ തട്ടിയെടുത്തു; കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ, നാല് പ്രതികളും റിമാൻഡിൽ

ഓട്ടം വിളിച്ച് വാടകക്കാർ തട്ടിയെടുത്തു; കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ, നാല് പ്രതികളും റിമാൻഡിൽ

by news_desk1
0 comments

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് ഫോൺ നമ്പർ കണ്ടെത്തി വാടകയ്ക്ക് കാർ എടുത്തശേഷം വാഹനവുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതിയുൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പിടിയിലായ എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു.

തമിഴ്നാട് തിരുനെൽവേലി പാളയംകോട് സ്വദേശിയായ നമ്പി രാജൻ (24), തൃശൂർ പുല്ലൂർ സ്വദേശിയായ പ്രണവ് (31) എന്നിവരെയാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തെ അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ അംഗങ്ങളായ പത്തനംതിട്ട സ്വദേശി ജോയൽ (26), കാസർകോട് സ്വദേശിയും എറണാകുളത്ത് താമസിക്കുന്ന സാബിർ (23) എന്നിവരെയും വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തട്ടിയെടുത്ത കാറും പ്രതിയെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ പാറശാല പൊലീസും തമിഴ്നാട്ടിൽ നിന്നെത്തിയ അഭിഭാഷകരും തമ്മിൽ തർക്കമുണ്ടായി. പ്രതിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശിയായ മൈക്കിൾ (29) ആണ് തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ജോയൽ എന്ന പേരിൽ മൈക്കിളിനെ ഫോണിൽ ബന്ധപ്പെട്ട പ്രതികൾ ഒരു ദിവസത്തേക്ക് കാർ വാടകയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം വാഹനം തിരികെ നൽകാമെന്ന് പറഞ്ഞ് ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും കൈമാറിയ ശേഷമാണ് കാർ കൈപ്പറ്റിയത്.

എന്നാൽ നിശ്ചയിച്ച സമയത്ത് വാഹനം തിരികെ ലഭിക്കാതിരിക്കുകയും പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതിരിക്കുകയും ചെയ്തതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ മൈക്കിൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

You may also like