ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ധ്യാൻ ശ്രീനിവാസനെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സംവിധായകൻ അൽത്താഫ് സലീം. ഒരു അഭിനേതാവെന്ന നിലയിൽ ധ്യാനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിൽ ഇനിയും ഒരുപാട് സാധ്യതകൾ കാണുന്നുണ്ടെന്നും അൽത്താഫ് പറഞ്ഞു.
ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മനസുതുറന്നത്. ധ്യാൻ നായകനായ ഒരു സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നും അന്നുമുതൽ നല്ല ആത്മബന്ധമാണ് നിലനിൽക്കുന്നതെന്നും അൽത്താഫ് പറഞ്ഞു.
“വളരെ നേരിട്ട് സംസാരിക്കുന്ന വ്യക്തിയാണ് ധ്യാൻ. ഞങ്ങൾ ഇടയ്ക്കേ വിളിക്കാറുള്ളൂ. വിളിച്ചാലും സിനിമയെക്കുറിച്ചല്ല, മറ്റു പല കാര്യങ്ങളാണ് സംസാരിക്കാറുള്ളത്. ‘ഓടും കുതിര ചാടും കുതിര’ ഒരുക്കുമ്പോൾ ഈ കഥാപാത്രത്തിന് ധ്യാനെ തന്നെ വേണമെന്നായിരുന്നു എന്റെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.
അഭിനേതാവെന്ന നിലയിൽ ധ്യാനിൽ ഇനിയും ഉപയോഗിക്കപ്പെടാത്ത നിരവധി സാധ്യതകളുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ചിത്രത്തിന്റെ ഭാഗമാക്കിയതെന്നും അൽത്താഫ് വ്യക്തമാക്കി. “അദ്ദേഹം കഥാപാത്രം വളരെ വൃത്തിയായി അവതരിപ്പിച്ചു. മികച്ച പ്രൊഫഷണലാണ്. അടുത്തിടെ ധ്യാൻ നായകനാകുന്ന ഒരു ചിത്രത്തിൽ ഞാൻ അഭിനയിക്കാനും സാധ്യതയുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയുടെ ഒ.ടി.ടി റിലീസിന് ലഭിച്ച മികച്ച പ്രതികരണത്തെയും അൽത്താഫ് പരാമർശിച്ചു. തിയറ്റർ വിജയമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും, നിർമാതാവിന് നിക്ഷേപം തിരികെ ലഭിക്കുകയാണ് ആദ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷം നിരവധി പേർ വ്യക്തിപരമായി സന്ദേശങ്ങളയച്ച് സിനിമയെ പ്രശംസിച്ചെന്നും, എല്ലാവരോടും നന്ദി മാത്രമാണ് പറയാനുള്ളതെന്നും അൽത്താഫ് സലീം വ്യക്തമാക്കി.

