തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് തികച്ചും അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എം.എൽ.എ. എന്ന നിലയിൽ വി.ഡി. സതീശൻ വിദേശയാത്ര നടത്തുന്നതിന് നിയമസഭാ സെക്രട്ടറിയേറ്റിൽ നിന്നോ ആഭ്യന്തര വകുപ്പിൽ നിന്നോ യാതൊരുവിധ അനുമതിയും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന്റെ തെളിവെന്നോണം വി.ഡി. സതീശൻ വിദേശത്തുനിന്ന് ഫണ്ട് അഭ്യർത്ഥിക്കുന്ന വീഡിയോയും എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
നിയമപ്രകാരം വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ അനുവാദമില്ല. പ്രളയസമയത്ത് പോലും മന്ത്രിമാർ വിദേശത്ത് പോയി വിദേശമലയാളികളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. ഫണ്ട് വാങ്ങാൻ നിലവിൽ നിയമമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്നും, എന്നാൽ പരസ്യമായി ഫണ്ട് ചോദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുകെ സന്ദർശനത്തിനിടെ ആളുകളെ വിളിച്ചുകൂട്ടി ഓരോരുത്തരും 500 പൗണ്ടെങ്കിലും നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിച്ചിരുന്നു. ആരുടെയൊക്കെ സഹായം ലഭിച്ചു, എത്രത്തോളം ഫണ്ട് സമാഹരിച്ചു എന്നതൊക്കെ കൃത്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് സമാഹരിച്ചുവെന്നും, പദ്ധതി നടത്തിപ്പ് ചുമതലയുള്ള മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ഈ തുക എത്തിയെന്നും ഇതിനകം അറിയിച്ചിട്ടുണ്ട്. എന്നാൽ അനുമതി ഇല്ലാതെ വിദേശ ഫണ്ട് പിരിച്ചെന്ന ഗൗരവതരമായ കേസിൽ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ക്ലീൻ ചിറ്റ് നൽകുന്നത് അസാധാരണമായ നടപടിയാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ വലിയ തിടുക്കമുണ്ടായെന്ന് ആഭ്യന്തരമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ വ്യക്തമായതായും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെയുള്ള ‘വിജിലൻസ് വിസിൽ’ പദ്ധതി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ, കേരളം ഗൗരവപൂർവം കൈകാര്യം ചെയ്ത ഒരു വിഷയം തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നത്. കേസസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ രക്ഷിക്കാൻ ആസൂത്രിതമായ നീക്കങ്ങളാണ് അരങ്ങേറുന്നത്. അതിനാൽ ഈ വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ശക്തമായി ആവശ്യപ്പെട്ടു.

