മോട്ടോർ വാഹനവകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടിക്കിടെ പ്രൊഫഷണലിസവും മാന്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. വാക്കിലും പ്രവർത്തിയിലും മാന്യത പാലിക്കണമെന്നും, ഇടനിലക്കാരുടെ ഇടപെടൽ പൂർണമായും ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജോലിക്കെത്തുമ്പോൾ ഉദ്യോഗസ്ഥർ കൈവശമുള്ള പണത്തിന്റെ തുക രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. കൂടാതെ, വാഹന ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളെയോ മറ്റ് അനാവശ്യ വ്യക്തികളെയോ പ്രവേശിപ്പിക്കരുതെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപ്പാക്കിയ ക്രമീകരണങ്ങളിൽ ഭേദഗതി വരുത്തിയ പുതിയ സർക്കുലറും പുറത്തിറങ്ങി. ഇതിന്റെ ഭാഗമായി പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആക്കി വർധിപ്പിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തും. നടപടികൾ നിരീക്ഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുതിയ സ്ലോട്ട് വിഭജനം
- പുതിയ ഡ്രൈവിംഗ് ടെസ്റ്റ് – 28
- റീടെസ്റ്റ് – 20
- വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവർ – 2
പുതിയ ക്രമീകരണങ്ങൾ
- ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ട് ലഭ്യമാക്കണം.
- റീടെസ്റ്റ് സ്ലോട്ടുകൾ എട്ട് ദിവസത്തിനുള്ളിൽ അനുവദിക്കണം.
- ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കണം.
- ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരേ ദിവസം നടത്തരുതെന്ന നിബന്ധന പിൻവലിച്ചു.
- കെട്ടിക്കിടക്കുന്ന അപേക്ഷകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മറ്റ് ജോലികൾ മാറ്റിവെച്ചും നടപടികൾ സ്വീകരിക്കണം.
- ആദ്യ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്ക് എട്ട് ദിവസത്തിനകം റീടെസ്റ്റിനുള്ള അവസരം നൽകണം.
- ലേണേഴ്സ് ലൈസൻസ് അപേക്ഷ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം പരീക്ഷാ തീയതി അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
മൂന്ന് മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തിൽ കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതും സർക്കാർ പരിഗണിച്ചുവരികയാണ്.

