തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ഉദ്ഘാടന ബസിൽ യാത്ര ചെയ്തു. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീല ആയിരുന്നു ഉദ്ഘാടന സർവീസിന്റെ സാരഥി. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
സംസ്ഥാനത്ത് ആകെ 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുക.
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി തിരിച്ചറിയൽ കാർഡോ പ്രത്യേക രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയും ബാധകമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റിന്റെ ആവശ്യവും ഉണ്ടാകില്ല.
സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന ബോർഡും സ്റ്റിക്കറും പതിപ്പിക്കും.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് പ്രകടനപത്രികയിലും ഇത് ഉൾപ്പെടുത്തി. അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെയാണ് പദ്ധതി നടപ്പാക്കിയത്.

