Home Keralaസിറ്റി ഫാസ്റ്റ് സ്റ്റിക്കർ വിവാദം; സൗജന്യ യാത്ര നിഷേധിക്കാനല്ല, തിരിച്ചറിയാനെന്ന് കെഎസ്ആർടിസി വിശദീകരണം

സിറ്റി ഫാസ്റ്റ് സ്റ്റിക്കർ വിവാദം; സൗജന്യ യാത്ര നിഷേധിക്കാനല്ല, തിരിച്ചറിയാനെന്ന് കെഎസ്ആർടിസി വിശദീകരണം

by news_desk1
0 comments

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിനെ ചുറ്റിപ്പറ്റി വിവാദം. സൗജന്യ യാത്ര നിഷേധിക്കാനാണ് ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നെങ്കിലും, ഇത് യാത്രക്കാർക്ക് സൗജന്യ യാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് സർവീസുകൾ തിരിച്ചറിയുന്നതിനായാണെന്ന് കെഎസ്ആർടിസി അധികൃതർ വിശദീകരിച്ചു.

തിരുവനന്തപുരം സിറ്റി ഡിപ്പോയിലും പരിസരങ്ങളിലും പാർക്ക് ചെയ്തിരുന്ന ചില ബസുകളിലാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതെന്ന ആക്ഷേപം ഉയർന്നത്. എന്നാൽ സിറ്റി ഫാസ്റ്റ് സർവീസുകൾ നേരത്തെ മുതൽ പ്രവർത്തിക്കുന്നതാണെന്നും അവ തിരിച്ചറിയുന്നതിനായി മാത്രമാണ് സ്റ്റിക്കർ പതിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു.

സിറ്റി ഡിപ്പോയിൽ നിലവിൽ 34 ഓർഡിനറി ബസുകളാണുള്ളത്. ഇതിൽ 32 ഇലക്ട്രിക് ബസുകളും രണ്ട് ഡീസൽ ബസുകളുമാണ്. ഈ ബസുകളിലെല്ലാം പെയിന്റ് ഉപയോഗിച്ച് “പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സർവീസ് നടത്തുന്ന 47 സിറ്റി ഫാസ്റ്റ് ബസുകളിലാണ് സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ലിമിറ്റഡ് സ്റ്റോപ്പ് എന്നീ വിഭാഗം ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നത്. എന്നാൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകൾക്കും തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റ് സർവീസുകൾക്കും സൗജന്യ യാത്ര ബാധകമല്ല.

തിരുവനന്തപുരം ജില്ലയിൽ നിലവിൽ 687 ഓർഡിനറി ബസുകളും 384 സിറ്റി ഫാസ്റ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. 2022 ഏപ്രിൽ 30ലെ സർക്കാർ നിരക്ക് വിജ്ഞാപനപ്രകാരം സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 12 രൂപയും കിലോമീറ്ററിന് 1.03 രൂപയുമാണ്. സിറ്റി ഓർഡിനറി സർവീസുകൾക്ക് കുറഞ്ഞ നിരക്ക് 10 രൂപയും കിലോമീറ്ററിന് ഒരു രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

You may also like