തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീലുകളുടെ പ്രളയമാണ് ആഭ്യന്തര വകുപ്പിൽ. സർവീസിൽ നിന്ന് പിരിച്ചുവിട്ടവരും വിവിധ അച്ചടക്ക നടപടികൾക്ക് വിധേയരായവരുമാണ് കൂട്ടത്തോടെ അപ്പീലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അച്ചടക്കനടപടികൾ നേരിട്ട നിരവധി ഉദ്യോഗസ്ഥരാണ് ഇപ്പോൾ അപ്പീൽ സമർപ്പിക്കുന്നത്. മുൻ സർക്കാർ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തങ്ങൾക്കെതിരെ നടപടിയെടുത്തതെന്നാണ് ഇവരുടെ പ്രധാന ആരോപണം. ചിലർ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങൾ പോലും അപ്പീലിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.
സ്ത്രീപീഡനക്കേസിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ബലാത്സംഗക്കേസിൽ പ്രതിയായിരുന്ന പൊലീസുകാരൻ, സ്വർണം പൊട്ടിക്കൽ കേസിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥൻ, കസ്റ്റഡി മരണക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ വ്യാജ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ എന്നിവരും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയിട്ടുണ്ട്.
സാധാരണയായി ഇത്തരം അപ്പീലുകളിൽ രാഷ്ട്രീയ ബന്ധങ്ങൾ പരാമർശിക്കാറില്ലെങ്കിലും, ഇത്തവണ പലരും തങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ നേതാക്കളുടെയും എംഎൽഎമാരുടെയും ശുപാർശകളോടെയാണ് പല അപ്പീലുകളും എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.
ലഭിച്ച അപ്പീലുകളുമായി ബന്ധപ്പെട്ട ഫയലുകൾ നടപടിക്രമങ്ങൾക്കായി മുന്നോട്ട് നീങ്ങുകയാണ്. എന്നാൽ ഈ വിഷയങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോൾ ശ്രദ്ധേയമായ ചോദ്യം.

