തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ എക്‌സാലോജിക് എംഡി വീണ ടിയ്ക്ക് വീണ്ടും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജൂൺ 29ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഒമ്പത് മണിക്കൂറോളം വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടി. സിഎംആർഎല്ലിന് നൽകിയ സേവനങ്ങൾ, കൈപ്പറ്റിയ തുകയുടെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത തേടുകയായിരുന്നു അന്വേഷണസംഘം.
തുടർന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ലോക്കറും ഇഡി പരിശോധിച്ചു. എന്നാൽ ലോക്കർ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട രേഖകളോ മറ്റ് വസ്തുക്കളോ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ച ഇഡി, തുടർ നിയമനടപടികളിലേക്കും കടന്നിട്ടുണ്ട്.
കേസിന്റെ ഭാഗമായി സിഎംആർഎൽ എംഡി ശരൺ എസ്. കർത്ത, ജയ എസ്. കർത്ത, ഷിബി എസ്. കർത്ത എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. എംപവർ ഇന്ത്യ കാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ജയ, വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണസംഘം വിശദീകരണം തേടിയിരുന്നു. ആദ്യ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന്.

