തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ ലോഡ് ഷെഡിങ് കൂടുതൽ കാലം നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണ പരിധി മറികടന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
നിലവിൽ വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 10 രൂപയാണ് ഉയർന്ന പരിധി. ഈ മാസത്തേക്കുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ബിഡ് നൽകിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയും റിസർവോയറുകളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിടുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണിവരെ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.
പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തമായതിനെ തുടർന്ന് അന്തരീക്ഷ താപനില ഉയർന്നതിനാൽ രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരികെ നൽകേണ്ട സമയമാണിതെന്നും കെഎസ്ഇബി വ്യക്തമാക്കി.
സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ ശക്തമാകാത്തതിനാൽ താപനിലയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 4,100 മെഗാവാട്ട് ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉപയോഗം 4,900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിൽ പ്രതിദിനം 10 ദശലക്ഷം യൂണിറ്റിന്റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര ഉത്പാദനമായ 1,700 മെഗാവാട്ടും, കേന്ദ്ര നിലയങ്ങളിൽ നിന്ന് ലഭിക്കുന്ന 1,701 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും പൂർണമായി ലഭിച്ചാലും ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് നിലനിൽക്കുന്നതായി കെഎസ്ഇബി വിശദീകരിച്ചു.
പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയും 5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നും കെഎസ്ഇബി അറിയിച്ചു.

