കൊച്ചി: ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കുംഭമേളയിൽ വൈറലായ പെൺകുട്ടിക്ക് സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. പെൺകുട്ടി നിലവിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെൻട്രൽ പൊലീസ്. ഇതിനായി കൂടുതൽ വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി പരിഗണിക്കവെ പെൺകുട്ടി ഉന്നയിച്ച ആവശ്യങ്ങൾക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കുംഭമേളയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാനും മാർച്ച് 11-ന് കേരളത്തിൽ വെച്ച് വിവാഹിതരായിരുന്നു. മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പെൺകുട്ടി ഫർമാനൊപ്പം കേരളത്തിലെത്തിയത്.
തുടർന്ന് പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്നാരോപിച്ച് മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ മുഹമ്മദ് ഫർമാൻ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രേഖകളിൽ തിരുത്തൽ വരുത്തിയെന്നും മധ്യപ്രദേശ് പൊലീസ് ആരോപിക്കുന്നു.
ജനന രജിസ്ട്രാറിന് മുന്നിൽ വ്യാജ വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റ് നേടിയെന്നാണ് പൊലീസിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജരേഖ ചമച്ചെന്ന കുറ്റവും ചുമത്താനാണ് നീക്കം. പെൺകുട്ടിക്ക് നിലവിൽ 16 വയസ് മാത്രമാണുള്ളതെന്നും, സർട്ടിഫിക്കറ്റിലെ ജനന തീയതിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
പെൺകുട്ടിയുടെ വിവാഹം നിയമപരമായി അസാധുവാണെന്നും മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

