തിരുവനന്തപുരം: കാറിന്റെ പിന്നിൽ ബമ്പർ ഗാർഡ് ഘടിപ്പിച്ചതിന് 5000 രൂപ പിഴ ലഭിച്ചതായി ടാക്സി ഡ്രൈവർ ഷമീർ ഖാലിദ്. വാഹനങ്ങളിൽ ചെറിയ തോതിലുള്ള ആൾട്ടറേഷനുകൾ അനുവദനീയമാണെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബമ്പർ ഗാർഡ് സ്ഥാപിച്ചതെന്നും, എന്നാൽ ലഭിച്ച പിഴ തുക അന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു.
“ചെറിയ ആൾട്ടറേഷനുകൾ അനുവദിക്കാമെന്ന വാക്ക് വിശ്വസിച്ചാണ് കാറിന്റെ പിന്നിൽ ബമ്പർ ഗാർഡ് ഫിറ്റ് ചെയ്തത്. മുമ്പ് ഇതിന് പിഴയുണ്ടായിരുന്നില്ല. എന്നാൽ ആരോ പകർത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തിലോ ഓൺലൈൻ സംവിധാനത്തിലൂടെയോ 5000 രൂപ പിഴ ലഭിച്ചു. പിഴ അടയ്ക്കാൻ തയ്യാറാണ്, പക്ഷേ തുക കുറയ്ക്കണം. എംവിഡി ഓഫീസിൽ അന്വേഷിച്ചപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെ വന്ന പിഴയായതിനാൽ കുറയ്ക്കാനാവില്ലെന്നും സമയം മാത്രം നീട്ടി നൽകാമെന്നുമാണ് അറിയിച്ചത്,” ഷമീർ ഖാലിദ് പറഞ്ഞു.
വാഹനങ്ങളിൽ അധിക മോഡിഫിക്കേഷൻ നടത്താൻ ആലോചിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. നിലവിലെ രൂപത്തിൽ വാഹനം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് വീണ്ടും സജീവമായിരിക്കുകയാണ്. അപകടസാധ്യത സൃഷ്ടിക്കാത്ത രീതിയിലുള്ള മാറ്റങ്ങൾ അനുവദിക്കണമെന്ന നിലപാടുകൾ മുൻപ് ഉയർന്നിരുന്നെങ്കിലും, ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം പരിമിതമായ ചില മാറ്റങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ഡാഷ് ക്യാം, മഡ് ഫ്ലാപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് നിലവിൽ അനുവദനീയമായ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറത്തുള്ള അനധികൃത മോഡിഫിക്കേഷനുകൾ കണ്ടെത്താൻ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

