കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യെ ഇനി ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി നയിക്കും. നടൻ രമേഷ് പിഷാരടിയെ കൺവീനറാക്കി കമ്മിറ്റി രൂപീകരിച്ചു. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.
നാല് മാസത്തേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ അഡ്ഹോക്ക് കമ്മിറ്റി നിയന്ത്രിക്കും. സ്ഥിരം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടത്തും. തെരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കാനുള്ള ചുമതലയും അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. നടൻ ജഗദീഷാണ് പുതിയ കമ്മിറ്റിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.
ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെ ‘അമ്മ’യുടെ നിലവിലെ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തോടൊപ്പം സംഘടനയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ പ്രഖ്യാപിച്ചു. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ആസൂത്രിത നീക്കങ്ങൾ നടന്നുവെന്നും സംഘടനയിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും ശ്വേത ആരോപിച്ചു.
സംഘടനയെ ചില പ്രത്യേക അജണ്ടകളുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കാൻ ശ്രമം നടക്കുന്നുവെന്നും, കുറ്റാരോപണങ്ങൾ നേരിടുന്നവരുടെ കൈകളിലേക്ക് സംഘടനയെ തിരിച്ചുനൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു. ഭരണസമിതിയെ പുറത്താക്കാൻ അവിശ്വാസ പ്രമേയം തയ്യാറാക്കിയതായും ശ്വേത മേനോൻ ആരോപിച്ചു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ ഉൾപ്പെടെ 17 ഭരണസമിതി അംഗങ്ങളാണ് രാജിവെച്ചത്.
യോഗത്തിനിടെ സംഘടനയുടെ പ്രവർത്തനങ്ങളെച്ചൊല്ലി കടുത്ത വിമർശനങ്ങളും ഉയർന്നു. ഭരണസമിതി പിരിച്ചുവിടണമെന്നും സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നുമാണ് ഒരു വിഭാഗം അംഗങ്ങൾ ആരോപിച്ചത്. നിലവിലെ നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയത്തിനായി ഒപ്പുശേഖരണവും നടന്നിരുന്നു.
വാർഷിക റിപ്പോർട്ടും കണക്കുകളും സംബന്ധിച്ചും യോഗത്തിൽ തർക്കമുണ്ടായി. റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അത് പാസാക്കുന്നതിനെതിരെ ചില അംഗങ്ങൾ രംഗത്തെത്തി. നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ കണക്കുകളുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടിപ്പിച്ചു.
തുടർന്ന് യോഗത്തിൽ സംസാരിച്ച മോഹൻലാൽ, സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച് ‘അമ്മ’ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

