തൃശൂർ: ഗുരുവായൂരിൽ പെൺവേഷം ധരിച്ച് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിടിയിലായ പ്രതി പെൺവേഷം ധരിച്ചത് പൊലീസിനെ കബളിപ്പിക്കാനായിരുന്നുവെന്നും, യുവതിയെ കൊലപ്പെടുത്തിയ ശേഷം അതേ വേഷത്തിൽ രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായി.
പിടിയിലായ തൊടുപുഴ മുട്ടം സ്വദേശിയായ പ്രസാദ് നിരവധി വധശ്രമക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന യുവതിയെ വധിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം. പ്രസാദും യുവതിയും തമ്മിൽ മുമ്പ് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരുടെയും ചിത്രങ്ങൾ യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.
പ്രസാദ് പെൺവേഷത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ കൂട്ടുപ്രതികളായ നാലുപേർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസാദിന്റെ ഭാര്യയും കുടുംബവും നിലവിൽ ഇറ്റലിയിലാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രപരിസരത്ത് പെൺവേഷം ധരിച്ച് സംശയാസ്പദമായി കറങ്ങിയിരുന്ന പ്രസാദിനെ പൊലീസ് പിടികൂടിയത്. പടിഞ്ഞാറെ നടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ആദർശ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫൻ എന്നിവരാണ് കേസിലെ മറ്റ് അറസ്റ്റിലായ പ്രതികൾ.
പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്. തൃശൂരിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതിയെ ലക്ഷ്യമിട്ടാണ് സംഘം ഗുരുവായൂരിലെത്തിയത്. ആദ്യം സൗഹൃദബന്ധം അവസാനിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തി പെൺവേഷത്തിൽ രക്ഷപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
