പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ പ്രതിചേർത്തിരിക്കുന്നത്.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് നിലവിൽ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സ്വന്തം അച്ഛനിൽ നിന്ന് കുട്ടി ലൈംഗിക ചൂഷണത്തിനിരയായതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നിലവിൽ വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
സഹപാഠികളോടാണ് കുട്ടി താൻ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ശ്രദ്ധയിൽപ്പെടുകയും അവിടെ നിന്ന് പൊലീസിന് കൈമാറുകയും ചെയ്തു.
മലയാലപ്പുഴ പൊലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കേസുകളിൽ ഒന്നിന്റെ അന്വേഷണം പെരുനാട് പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണ്.
