തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യും.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല. മേൽനോട്ടത്തിനായി എസ്‌പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകൾ വിജിലൻസ് മേധാവി മനോജ് എബ്രഹാം കൈമാറിയിട്ടുണ്ട്.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വ്യാപക ക്രമക്കേടുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെയിൻ സ്റ്റോർ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നെയ് ക്രമക്കേട് അന്വേഷണത്തിനിടെയാണ് മറ്റ് സാമ്പത്തിക തട്ടിപ്പുകളുടെയും വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിന്റെ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിയതായും, അഭിഷേകത്തിനെന്ന പേരിലായിരുന്നു ഈ വാങ്ങലുകളെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
