Home National‘പോലീസ് നടപടി നിർദേശിച്ചത് ആര്?’; അമിത് ഷാ മറുപടി പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാൽ

‘പോലീസ് നടപടി നിർദേശിച്ചത് ആര്?’; അമിത് ഷാ മറുപടി പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാൽ

by news_desk1
0 comments

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി മറുപടി പറയണമെന്നും, അതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷാ പാർലമെന്റിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അയോധ്യയിൽ വിശ്വാസികളുടെ പണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

എഫ്‌സിആർഎ ബിൽ ദുരുദ്ദേശത്തോടെയാണ് കൊണ്ടുവന്നതെന്നും, ബിൽ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ബില്ലിൽ ഇളവുകൾ സംബന്ധിച്ച് പ്രതിപക്ഷവുമായി കേന്ദ്രസർക്കാർ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാർഖണ്ഡിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചെന്നും, നിലവിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സി വേണുഗോപാൽ അറിയിച്ചു.

മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ നിലപാടിലെ മാറ്റസൂചനകളെയും അദ്ദേഹം വിമർശിച്ചു. ഒരിക്കൽ മണ്ഡല പുനർനിർണയ ബിൽ കത്തിച്ചയാളാണ് എം കെ സ്റ്റാലിൻ എന്നും, ഓരോ പാർട്ടിക്കും സ്വന്തം നിലപാടുണ്ടെങ്കിലും പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ശക്തമായ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകുകയാണെന്ന് കെ സി വേണുഗോപാൽ മറുപടി നൽകി. ബാലിശമായ ആരോപണങ്ങൾക്ക് പ്രതികരിക്കാനില്ലെന്നും, ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.

You may also like