തിരുവനന്തപുരം: സിനിമകളായ ‘ദൃഢം’, ‘ഭൂതകാലം’ എന്നിവയ്ക്കെതിരെ മുൻ ഡി.ജി.പി ആർ ശ്രീലേഖ മോഷണാരോപണവുമായി രംഗത്ത്. തന്റെ ചെറുകഥയും അനുഭവകഥയും ആസ്പദമാക്കിയുള്ള സൃഷ്ടികളാണ് ഈ സിനിമകളെന്ന് അവർ ആരോപിച്ചു.
വർഷങ്ങൾക്കു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന തന്റെ ചെറുകഥയുടെ മൂലകഥയാണ് ‘ദൃഢം’ സിനിമയെന്ന് പറയുന്നതിൽ തെറ്റില്ലെന്ന് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഈ കഥ തന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായും അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, മൂന്ന് വർഷം മുൻപ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു അനുഭവകഥയുടെ മോഷണമാണ് അവാർഡുകൾ നേടിയ ‘ഭൂതകാലം’ എന്ന സിനിമയെന്നും ശ്രീലേഖ ആരോപിച്ചു. ആ കഥയ്ക്ക് താൻ നൽകിയ പേര് ‘ഭൂത ഭവനം’ എന്നായിരുന്നുവെന്നും തലക്കെട്ടിലും സാമ്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വിവാദത്തിലായ ഈ രണ്ട് സിനിമകൾക്കും തമ്മിൽ മറ്റൊരു ബന്ധമുണ്ടെന്നും ശ്രീലേഖ പറഞ്ഞു. രണ്ട് ചിത്രങ്ങളിലെയും നായകൻ ഷെയ്ൻ നിഗമാണെന്നതാണ് ആ സാമ്യം. ‘പറവ’ സിനിമ മുതൽ ഷെയ്ൻ നിഗത്തെ തനിക്ക് ഇഷ്ടമാണെന്നും, തനിക്കൊപ്പം ജോലി ചെയ്തിരുന്ന മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനോട് സാമ്യമുള്ള വ്യക്തിത്വമാണ് ഷെയ്ൻ നിഗത്തിനുള്ളതെന്നും അവർ കുറിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ‘ദൃഢം’. ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഷെയ്ൻ നിഗവും രേവതിയും പ്രധാന കഥാപാത്രങ്ങളായ ‘ഭൂതകാലം’ സംവിധാനം ചെയ്തത് രാഹുൽ സദാശിവനാണ്.

