Home Keralaസൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി; ‘പുരുഷന്മാരെ ഒഴിവാക്കുന്നത് സമത്വത്തിന് വിരുദ്ധം’

സൗജന്യ യാത്രയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി; ‘പുരുഷന്മാരെ ഒഴിവാക്കുന്നത് സമത്വത്തിന് വിരുദ്ധം’

by news_desk1
0 comments

കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.

എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും യാത്രാ ആനുകൂല്യം നൽകുമ്പോൾ സമാന സാഹചര്യത്തിലുള്ള പുരുഷന്മാരെ അതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയിലെ സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

സംസ്ഥാനത്തെ 3,125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. പദ്ധതിയുടെ നഷ്ടം നികത്താൻ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതിയായ ഇത് അധികാരമേറ്റ് ഒരു മാസം തികയും മുമ്പാണ് സർക്കാർ നടപ്പാക്കിയത്. എന്നാൽ പ്രഖ്യാപിച്ച വാഗ്ദാനം പൂർണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.

You may also like