Home WORLD CUP 26യൂറോപ്യൻ ചാമ്പ്യന്മാരെ വിറപ്പിച്ച് 40-കാരൻ ‘അമ്മൂമ്മ’; സ്പെയിനിനെതിരെ കേപ് വെർഡിന്റെ സമനിലക്കോട്ട കാത്ത വോസിഞ്ഞ എന്ന വിസ്മയം

യൂറോപ്യൻ ചാമ്പ്യന്മാരെ വിറപ്പിച്ച് 40-കാരൻ ‘അമ്മൂമ്മ’; സ്പെയിനിനെതിരെ കേപ് വെർഡിന്റെ സമനിലക്കോട്ട കാത്ത വോസിഞ്ഞ എന്ന വിസ്മയം

by news_desk
0 comments

2026 ഫിഫ ലോകകപ്പിലെ ആദ്യ വമ്പൻ അട്ടിമറികളിലൊന്നിന് കളം ഒരുങ്ങുന്നത് തടഞ്ഞത് സ്പെയിനിന്റെ ആക്രമണ നിരയല്ല, മറിച്ച് കേപ് വെർഡിന്റെ വലകാത്ത 40 വയസ്സുകാരനായ വോസിഞ്ഞ എന്ന ഇതിഹാസ താരമാണ്. ലോകകപ്പിൽ കളിക്കുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമായ കേപ് വെർഡിന് വേണ്ടി തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച വോസിഞ്ഞ, മത്സരത്തിന് പിന്നാലെ കണ്ണീരോടെ മൈതാനത്ത് ഇരിക്കുന്ന കാഴ്ച കായികലോകത്തിന്റെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഫെറാൻ ടോറസ്, പെഡ്രി, ലപോർട്ടെ എന്നിവരുടെ ഉറച്ച ഗോളവസരങ്ങൾ തടഞ്ഞിട്ട വോസിഞ്ഞയാണ് മത്സരത്തിലെ താരം. സ്പാനിഷ് മുന്നേറ്റങ്ങളെ ഓരോ തവണയും നിഷ്പ്രഭമാക്കിയ ഈ വെറ്ററൻ ഗോൾകീപ്പറുടെ പ്രകടനം ഫ്രഞ്ച് താരം പോൾ പോഗ്ബ ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി. മത്സരത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷം മാത്രമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഫോളോവേഴ്സ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 50 ലക്ഷത്തിനടുത്ത് എത്തിയതും ഈ ‘വോസിഞ്ഞ തരംഗത്തിന്’ ആക്കം കൂട്ടി.

WhatsApp Image 2026 06 16 at 1.09.27 PM

ജോസിമാർ ജോസ് എവോറ ഡയസ് എന്ന ഔദ്യോഗിക നാമമുള്ള ഈ താരം ‘വോസിഞ്ഞ’ എന്ന പേരിലാണ് ഫുട്ബോൾ ലോകത്ത് അറിയപ്പെടുന്നത്. പോർച്ചുഗീസ് ഭാഷയിൽ ‘ചെറിയ അമ്മൂമ്മ’ (Little Granny) എന്നർത്ഥമുള്ള ഈ വിളിപ്പേര് താരത്തിന് ലഭിച്ചത് സ്വന്തം മുത്തശ്ശിമാരിൽ നിന്നാണ്. പട്ടാളക്കാരനായ പിതാവിനും ജോലിക്ക് പോകുന്ന മാതാവിനും പകരം മുത്തശ്ശിമാരുടെ സംരക്ഷണയിൽ വളർന്ന ജോസിമാർക്ക് അവർ നൽകിയ പേര് അദ്ദേഹം തന്റെ ജഴ്സി നാമമാക്കുകയായിരുന്നു. പോർച്ചുഗലിലെ രണ്ടാം നിര ലീഗ് ക്ലബ്ബായ ഷാവേസിന് വേണ്ടി കളിക്കുന്ന വോസിഞ്ഞ, തന്റെ കരിയറിൽ അംഗോള, മോൾഡോവ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ലോകകപ്പ് അരങ്ങേറ്റത്തിന് ശേഷം കരഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അന്തരിച്ചുപോയ മുത്തശ്ശിമാരുടെ ഓർമ്മകളും, വിസ പ്രശ്നങ്ങൾ കാരണം കളി കാണാൻ എത്താൻ കഴിയാതെ പോയ തന്റെ അമ്മയുടെ അഭാവവുമാണ് തന്നെ വികാരാധീനനാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോകത്തെ വമ്പൻമാരെ മുട്ടുകുത്തിച്ച വോസിഞ്ഞയുടെ ഈ പോരാട്ടവീര്യം ലോകകപ്പിലെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറിക്കഴിഞ്ഞു.

You may also like