Home National‘ഡാന്‍സിങ് ഗേള്‍’ ചിത്രം പഴയ രൂപത്തില്‍ തിരിച്ചെത്തും; വിമര്‍ശനത്തിന് പിന്നാലെ തിരുത്തലുമായി NCERT

‘ഡാന്‍സിങ് ഗേള്‍’ ചിത്രം പഴയ രൂപത്തില്‍ തിരിച്ചെത്തും; വിമര്‍ശനത്തിന് പിന്നാലെ തിരുത്തലുമായി NCERT

by news_desk1
0 comments

ന്യൂഡല്‍ഹി: വ്യാപക വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോഹന്‍ജൊദാരോയിലെ പ്രശസ്തമായ ‘ഡാന്‍സിങ് ഗേള്‍’ വെങ്കല ശില്‍പത്തിന്റെ യഥാര്‍ത്ഥ ചിത്രം പുനഃസ്ഥാപിക്കാന്‍ NCERT തീരുമാനിച്ചു. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ തന്നെ മാറ്റം വരുത്തുമെന്നും ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ യഥാര്‍ത്ഥ ചിത്രം ഉള്‍പ്പെടുത്തുമെന്നും NCERT ഡയറക്ടര്‍ ദിനേശ് സക്ലാനി അറിയിച്ചു.

ശില്‍പത്തിന്റെ നഗ്നത മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിപ്പിച്ച രൂപത്തിലായിരുന്നു പുതിയ പാഠപുസ്തകത്തില്‍ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. ചരിത്രത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് NCERT തിരുത്തല്‍ നടപടിയിലേക്ക് കടന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ‘ഹിസ്റ്ററി ഓഫ് ആര്‍ട്സ്’ എന്ന ആദ്യ അധ്യായത്തിലാണ് എഡിറ്റ് ചെയ്ത ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. തോള്‍ ഭാഗം മുതല്‍ താഴേക്ക് നിഴല്‍ ഉപയോഗിച്ച് വസ്ത്രം ധരിച്ചിരിക്കുന്നതുപോലുള്ള രൂപത്തിലാണ് ചിത്രം മാറ്റിയിരുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി NCERT പാഠപുസ്തകങ്ങളില്‍ ഡാന്‍സിങ് ഗേള്‍ ശില്‍പത്തിന്റെ യഥാര്‍ത്ഥ ചിത്രം ഉപയോഗിച്ചുവരികയാണ്. ചരിത്രത്തിലാദ്യമായാണ് ഇതിന്റെ രൂപത്തില്‍ ഇത്തരമൊരു മാറ്റം വരുത്തിയത്. നടപടി സെന്‍സര്‍ഷിപ്പിന്റെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിമര്‍ശനം ശക്തമായതോടെയാണ് NCERT പഴയ ചിത്രം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

സിന്ധൂനദീതട സംസ്കാരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ ഈ വെങ്കല പ്രതിമയ്ക്ക് ഏകദേശം 10.5 സെന്റീമീറ്റര്‍ ഉയരമുണ്ട്. മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെത്തിയ ഈ ശില്‍പം നിലവില്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

You may also like