ചെന്നൈ: യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിലുണ്ടായിരുന്ന ₹35,000 വിലവരുന്ന പ്രീമിയം മദ്യക്കുപ്പി തകർന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ₹55,000 നഷ്ടപരിഹാരം നൽകാൻ ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. സുരക്ഷിതമായി പായ്ക്ക് ചെയ്തതായി ഉറപ്പുവരുത്തി ഏറ്റുവാങ്ങിയ ബാഗേജിന് കേടുപാടുകൾ സംഭവിച്ചത് വിമാനക്കമ്പനിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി.
സംഭവത്തെ തുടർന്ന് ഇൻഡിഗോ യാത്രക്കാരന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകിയിരുന്നെങ്കിലും അത് മതിയായ നഷ്ടപരിഹാരമല്ലെന്നും അന്യായമായ സമീപനമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാലയുടെ ചെക്ക്-ഇൻ ബാഗിലായിരുന്നു ഏകദേശം ₹35,000 വിലവരുന്ന പ്രീമിയം മദ്യക്കുപ്പി ഉണ്ടായിരുന്നത്. ചെന്നൈയിൽ ബാഗ് കൈപ്പറ്റിയ ശേഷം പരിശോധിച്ചപ്പോഴാണ് കുപ്പി തകർന്നതായി കണ്ടെത്തിയത്. തുടർന്ന് ഇൻഡിഗോയ്ക്ക് ഇമെയിൽ വഴി പരാതി നൽകിയെങ്കിലും, ഇത്തരത്തിലുള്ള വസ്തുക്കൾ യാത്രക്കാരുടെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. പിന്നാലെ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും കമ്പനി നൽകി.
ഇതിനെ തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. സുരക്ഷിതമായി പായ്ക്ക് ചെയ്ത ഒരു കുപ്പി സാധാരണ വിമാനയാത്രയ്ക്കിടെ തകരാൻ സാധ്യതയില്ലെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ അശ്രദ്ധയോ ബാഗേജ് കൈകാര്യം ചെയ്ത രീതിയോ തന്നെയാണ് നാശനഷ്ടത്തിന് കാരണമെന്നും കമ്മീഷൻ നിരീക്ഷിച്ചു.
പൊട്ടാൻ സാധ്യതയുള്ള വസ്തുക്കളുടെ ഉത്തരവാദിത്വം യാത്രക്കാരനാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, ശരിയായ രീതിയിൽ പായ്ക്ക് ചെയ്ത ബാഗേജ് വിമാനക്കമ്പനി ഏറ്റുവാങ്ങിയാൽ അത് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോയ്ക്ക് ₹55,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

