Home Top Storiesശ്രീകോവിലിന് മുകളിൽ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം, ശബരിമലയിൽ പരിശോധന കർശനം

ശ്രീകോവിലിന് മുകളിൽ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം, ശബരിമലയിൽ പരിശോധന കർശനം

by news_desk1
0 comments

ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയ സംഭവത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തെങ്കിലും ദ്രാവകം ഒഴിച്ചതാണോയെന്ന സംശയത്തെ തുടർന്നാണ് തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പ്രാഥമിക പരിശോധനയിൽ ഭക്തർ സമർപ്പിച്ച നെയ്യ് ഒഴുകിയിറങ്ങിയതാകാം നിറവ്യത്യാസത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ സ്വർണ്ണപ്പാളികളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി തുടർ പരിശോധനകൾ നടക്കുകയാണ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള സ്വർണ ശ്രീകോവിലിൽ ഇത്തരമൊരു മാറ്റം കണ്ടെത്തിയതിനെ അധികൃതർ ഗൗരവമായാണ് കാണുന്നത്. ഇതിനിടെ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കഴിഞ്ഞ ദിവസം സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു പരിശോധന. പ്രഭാമണ്ഡലം ഉൾപ്പെടെയുള്ള ഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീകോവിലിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്.

അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ് നൽകി. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റിയ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. 2025ലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സാമ്പിളുകൾ ശേഖരിക്കുന്നതിനായി എസ്ഐടി വീണ്ടും ശബരിമലയിലെത്തി. പ്രഭാമണ്ഡലത്തിൽ നിന്നടക്കം ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

You may also like