കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി ശക്തമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലയിലാണ് രോഗബാധിതനും താമസിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകർന്നതെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ തിക്കോടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
എന്താണ് മലേറിയ?
കൊതുകിലൂടെ പകരുന്ന സാംക്രമിക രോഗമാണ് മലേറിയ. പ്ലാസ്‌മോഡിയം എന്ന പരാദമാണ് രോഗത്തിന് കാരണമാകുന്നത്. അനോഫിലിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകിന്റെ കടിയിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പരാദം ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം കരളിലെയും രക്തത്തിലെ ചുവന്ന രക്താണുക്കളിലെയും പ്രവർത്തനങ്ങളെ ബാധിക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
രോഗലക്ഷണങ്ങൾ
ശക്തമായ പനി, വിറയൽ, തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, അമിതമായ വിയർപ്പ്, ക്ഷീണം, വിളർച്ച തുടങ്ങിയവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ പനി അനുഭവപ്പെടുന്നതും മലേറിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
പ്രതിരോധം
കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതാണ് പ്രധാന പ്രതിരോധ മാർഗം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, ജലസംഭരണികൾ മൂടിവെക്കുക, കൊതുകുവല ഉപയോഗിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം. രോഗം സ്ഥിരീകരിച്ചവർ ചികിത്സ പൂർത്തിയാകുന്നതുവരെ കൊതുകുവല ഉപയോഗിക്കുന്നതും മറ്റുള്ളവരിലേക്ക് രോഗവ്യാപനം തടയാൻ സഹായിക്കും.

