തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ തനിക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരരുടെ രൂപത്തിൽ എത്തിയവരെ തടയുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത ശ്രമമായിരുന്നു ഇൻഡിഗോ വിമാനത്തിലെ സംഭവമെന്നും കാര്യങ്ങൾ പൂർണമായി പരിശോധിച്ചാൽ കോടതിക്ക് അത്തരമൊരു നിഗമനത്തിലെത്താൻ കഴിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
‘പരാതിക്കാർ പൊലീസിലായിരുന്നു പരാതി നൽകേണ്ടിയിരുന്നത്. കോടതി പൊലീസ് അല്ല, കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാം. ഈ കേസിൽ പ്രതിയോ പരാതിക്കാരനോ ആയിരുന്നില്ല ഞാൻ. പിന്നെ എന്തുകൊണ്ടാണ് കോടതി എന്റെ പേര് പറഞ്ഞതെന്ന് അറിയില്ല. വിശദമായി പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ. എന്നെ വിചാരണ ചെയ്തിട്ടില്ല. കേസ് വന്നാൽ അതിനെക്കുറിച്ച് അപ്പോൾ പറയാം,’ ഇ പി ജയരാജൻ പറഞ്ഞു.
ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
2022 ജൂൺ 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. സ്വർണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിട്ടതോടെ സംഭവം വിവാദമായി.
തുടർന്ന് ഇൻഡിഗോ നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇ പി ജയരാജന് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം ഇൻഡിഗോ വിമാന യാത്ര അവസാനിപ്പിച്ചു. പിന്നീട് പലതവണ ഇൻഡിഗോ അധികൃതർ വിലക്ക് പിൻവലിച്ചതായി അറിയിച്ച് ബന്ധപ്പെട്ടെങ്കിലും വിമാനത്തിൽ കയറില്ലെന്ന നിലപാടിൽ അദ്ദേഹം തുടർന്നു.
പിന്നീട് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഇ പി വീണ്ടും ഇൻഡിഗോ വിമാനത്തിൽ കയറിയതോടെയാണ് ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ചത്.

