ന്യൂഡൽഹി: രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഇറക്കുമതിയിൽ 87 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറക്കുമതി ചെയ്ത അളവ് പരിഗണിക്കുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് 94 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വെള്ളി ആവശ്യകതയുടെ 80 ശതമാനത്തിലധികവും വിദേശ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇന്ത്യയിലെ ഇറക്കുമതി കുറവ് ആഗോള വിപണിയിലെ വെള്ളി വിലയെ ബാധിക്കാനിടയുണ്ട്. അതേസമയം, രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യത്തിലെ സമ്മർദ്ദം നിയന്ത്രിക്കാനും ഈ കുറവ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
കണക്കുകൾ പറയുന്നത്
കഴിഞ്ഞ വർഷം മേയ് മാസത്തിൽ 566.22 ദശലക്ഷം ഡോളറിന്റെ വെള്ളിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ ഈ വർഷം ഇത് 75.57 ദശലക്ഷം ഡോളറായി കുറഞ്ഞു. അളവിന്റെ അടിസ്ഥാനത്തിൽ മേയ് മാസത്തിൽ വെറും 33 മെട്രിക് ടൺ വെള്ളി മാത്രമാണ് രാജ്യത്ത് എത്തിയത്. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതി അളവാണിത്.
കർശന നിയന്ത്രണങ്ങളും തീരുവ വർധനവും
മെയ് പകുതിയോടെയാണ് വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് ഈ നിബന്ധനകൾ കൂടുതൽ കർശനമാക്കി. വെള്ളി തരികളും പൊടിയും ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോൾ മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്രം ഉയർത്തിയിരുന്നു. ഉയർന്ന എണ്ണവില മൂലമുണ്ടാകുന്ന വിദേശനാണ്യ സമ്മർദ്ദം കുറയ്ക്കാനും അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുമാണ് ഈ നീക്കം.
വർധിക്കുന്ന ആവശ്യകതയും നിക്ഷേപ താൽപര്യവും
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വെള്ളി ഇറക്കുമതി റെക്കോർഡ് ഉയരത്തിലെത്തി. ഏകദേശം 1200 കോടി ഡോളറിന്റെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. മുൻ വർഷം ഇത് 480 കോടി ഡോളറായിരുന്നു.
ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവയ്ക്ക് പുറമെ സോളാർ പാനലുകൾ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള വ്യവസായ ആവശ്യങ്ങൾക്കും ഇന്ത്യയിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പരമ്പരാഗത ആവശ്യങ്ങൾക്കൊപ്പം നിക്ഷേപ മാർഗമായും വെള്ളിയിലേക്കുള്ള ജനങ്ങളുടെ താൽപര്യം വർധിച്ചിട്ടുണ്ട്. സിൽവർ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം റെക്കോർഡ് ഉയരത്തിലെത്തിയതും ഇതിന് തെളിവാണ്.
പ്രധാനമായും യുഎഇ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വെള്ളി ഇറക്കുമതി ചെയ്യുന്നത്.

