Home Businessസിൽവർസ്റ്റോം ഐപിഒ ജൂലൈ 24 മുതൽ; 82.43 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം, അതിരപ്പിള്ളി പാർക്കിന്റെ വികസനത്തിനും ഊന്നൽ

സിൽവർസ്റ്റോം ഐപിഒ ജൂലൈ 24 മുതൽ; 82.43 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം, അതിരപ്പിള്ളി പാർക്കിന്റെ വികസനത്തിനും ഊന്നൽ

by news_desk1
0 comments

കൊച്ചി: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ജൂലൈ 24ന് ആരംഭിക്കും. 82.43 കോടി രൂപ വരെ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐപിഒ വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 123 മുതൽ 133 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഓഹരി വിൽപ്പന ജൂലൈ 28ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (BSE) എസ്‌എംഇ പ്ലാറ്റ്‌ഫോമിൽ ജൂലൈ 31ന് ലിസ്റ്റ് ചെയ്യും.

ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിംഗ് ജൂലൈ 23നാണ്. മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഓഹരികൾ ആങ്കർ നിക്ഷേപകർക്കായി വകയിരുത്തിയിട്ടുണ്ട്. സ്ഥാപന നിക്ഷേപകർക്കായി 11.76 ലക്ഷം ഓഹരികളും, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും, റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭ്യമാക്കുന്നത്.

കുറഞ്ഞത് 2,000 ഓഹരികളാണ് ഒരു ലോട്ട്. തുടർന്ന് 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

ഐപിഒ വഴി ലഭിക്കുന്ന തുക ലഖ്നൗവിലെ സ്നോ പാർക്കും ഫാമിലി എന്റർടെയ്ൻമെന്റ് സെന്ററും നിർമ്മിക്കുന്നതിനും, കേരളത്തിലെ അതിരപ്പിള്ളിയിലുള്ള തീം പാർക്കിന്റെ വികസന-നവീകരണ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും തുക ഉപയോഗിക്കും.

വിവ്‌റോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. എംയുഎഫ്ജി ഇന്റൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

രണ്ടര പതിറ്റാണ്ടിന്റെ വളർച്ച

അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വളർന്നിട്ടുണ്ടെന്നും, ജംഷഡ്പൂരിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതായും മാനേജിങ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു. പുതിയ ആകർഷണങ്ങളും വിപുലീകരണ പദ്ധതികളും ഐപിഒ വഴി യാഥാർഥ്യമാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരപ്പിള്ളിയിലും ജംഷഡ്പൂരിലും ‘സിൽവർ സ്റ്റോം’, ‘സ്നോ സ്റ്റോം’ ബ്രാൻഡുകളിൽ തീം പാർക്കുകളും റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന സ്ഥാപനമാണ് സിൽവർസ്റ്റോം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രം കുടുംബ സഞ്ചാരികൾക്കും വിദ്യാഭ്യാസ-കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.

അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, റെസ്റ്റോറന്റുകൾ എന്നിവയ്‌ക്കൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് തുടങ്ങിയ പുതിയ ആകർഷണങ്ങളും ഈ ഓണത്തോടെ തുറന്നു നൽകും. ഇത്രയും വിനോദസൗകര്യങ്ങൾ ഒരൊറ്റ ഡെസ്റ്റിനേഷനിൽ ലഭ്യമാകുന്നത് രാജ്യത്ത് ആദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു.

2025 ഒക്ടോബറിലാണ് ജംഷഡ്പൂരിൽ ഇൻഡോർ സ്നോ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. ലഖ്നൗവിലെ ഓമാക്സ് ഹസ്രത്‌ഗഞ്ച് മാളിലും പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാൻ പദ്ധതിയുണ്ട്.

2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. മുൻ വർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു.

തൃശൂർ പേൾ റീജൻസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ ജലീൽ, പ്രൊമോട്ടർ സിറാജ് വി.എ, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: 9188905079.

You may also like