തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മേജർ രവി. ആദ്യം സമരക്കാരോട് സഹതാപം തോന്നിയെങ്കിലും പിന്നീട് കാര്യങ്ങൾ പരിശോധിച്ചപ്പോൾ അവിടെ വിദ്യാർഥികളേക്കാൾ മറ്റുള്ളവരാണ് കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സോനം വാങ്ചുകിന് മുൻപ് വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നുവെന്നും, അമേരിക്കയിൽ നിന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ച ശേഷം ഡൽഹിയിൽ എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും മേജർ രവി ആരോപിച്ചു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത, സാമൂഹ്യമാധ്യമങ്ങളിൽ സ്വാധീനിക്കപ്പെട്ട ഒരു വിഭാഗം യുവാക്കളാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കഴിവോ പ്രവർത്തനമോ ഇല്ലാത്ത ചില കലാകാരന്മാർ ടെലിവിഷനിൽ മുഖം കാണിക്കാനും ശ്രദ്ധ നേടാനുമായി സമരത്തിന്റെ ഭാഗമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ വിഷയത്തിന്റെ യഥാർഥ വശങ്ങൾ മനസ്സിലാക്കാതെയാണെന്നും പറഞ്ഞു. വിസ്മയ മനുഷ്യത്വമുള്ള വ്യക്തിയാണെങ്കിലും, പ്രതിഷേധത്തിന്റെ യാഥാർഥ്യം മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും, പൊലീസിന് നേരെ ആക്രമണവും പെപ്പർ സ്പ്രേ പ്രയോഗവും നടത്തുകയും ചെയ്താൽ നിയമനടപടികൾ സ്വാഭാവികമാണെന്നും മേജർ രവി പറഞ്ഞു. പൊലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ മർദിച്ചുവെന്ന് ആരോപിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച രാജ്യത്ത് ആദ്യമായി സംഭവിക്കുന്ന കാര്യമല്ലെന്നും, അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഎസ്ഇയുടെയും നീറ്റിന്റെയും പൂർണരൂപം പോലും അറിയാത്തവരാണ് പ്രതിഷേധത്തിൽ മുദ്രാവാക്യം വിളിക്കുന്നതെന്നും ആരോപിച്ചു.
ജോർജ് സോറോസ് ഉൾപ്പെടെയുള്ള വിദേശ ശക്തികളുടെ ഫണ്ടിംഗും ഇടപെടലുമാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരത സൃഷ്ടിച്ച അതേ മാതൃക ഇന്ത്യയിലും പരീക്ഷിക്കുകയാണെന്നും മേജർ രവി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് മാറ്റുകയും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയുമാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ ഭരണത്തിനിടെ കേന്ദ്രസർക്കാരിനെതിരെ അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ലെന്നും, വോട്ട് ചോർച്ചയെന്ന ആരോപണത്തിനും തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് നേരെയുണ്ടായ നടപടിയിൽ വിഷമമുണ്ടെങ്കിലും, കുട്ടികൾ കുട്ടികളായി തന്നെ തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും മേജർ രവി വ്യക്തമാക്കി.
