കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി നിരസിച്ചത്.
കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങൾ പകർത്തിയ സംഭവവും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച അതീവ ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ മതിയായതും അസാധാരണവുമായ കാരണങ്ങളൊന്നും പ്രതികൾക്ക് ചൂണ്ടിക്കാണിക്കാനായില്ലെന്നും കോടതി വിലയിരുത്തി.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. 20 വർഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്നും പൊതുതാൽപര്യവും സമൂഹത്തിലുണ്ടാക്കിയ ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ അസാധാരണ സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നുവെന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്കെതിരെ മറ്റ് 11 ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും, മുൻപ് ജാമ്യത്തിലിറങ്ങിയപ്പോൾ ഹോട്ടലിൽ അക്രമം നടത്തി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡി.എൻ.എ പ്രൊഫൈൽ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതുൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കുന്നതായും കോടതി വിലയിരുത്തി.
വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ‘കുറ്റം തെളിയുന്നതുവരെ നിരപരാധി’ എന്ന ആനുകൂല്യം ഇനി പ്രതിക്ക് ലഭിക്കില്ലെന്നും, ശിക്ഷ മരവിപ്പിക്കാൻ ശക്തമായ നിയമപരമായ കാരണങ്ങൾ ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി. പണം വാങ്ങി ആസൂത്രിതമായി നടിയെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും മേലുള്ള അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു.
