Home Business‘കേരളാ ബ്രാൻഡ്’ പദ്ധതിക്ക് വൻ ഇളവ്; ചെറുകിട സംരംഭകർക്ക് ഇനി എളുപ്പത്തിൽ അംഗീകാരം

‘കേരളാ ബ്രാൻഡ്’ പദ്ധതിക്ക് വൻ ഇളവ്; ചെറുകിട സംരംഭകർക്ക് ഇനി എളുപ്പത്തിൽ അംഗീകാരം

by news_desk1
0 comments

തിരുവനന്തപുരം: ചെറുകിട-ഇടത്തരം സംരംഭകർക്ക് ആശ്വാസമായി ‘കേരളാ ബ്രാൻഡ്’ പദ്ധതിയുടെ നിബന്ധനകളിൽ സംസ്ഥാന സർക്കാർ സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. നാടൻ ഉത്പന്നങ്ങൾക്ക് ദേശീയ-ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത നേടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ, ബിഐഎസ് സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ചില കർശന വ്യവസ്ഥകൾ ലളിതമാക്കിയാണ് വ്യവസായ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

നേരത്തെ നിലവിലുണ്ടായിരുന്ന കർശന നിബന്ധനകൾ കാരണം ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന നിരവധി ചെറുകിട സംരംഭകർക്ക് ‘കേരളാ ബ്രാൻഡ്’ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിബന്ധനകൾ പരിഷ്കരിച്ചത്.

ആദ്യഘട്ടത്തിൽ വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി. പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിവ ഉൾപ്പെടെ 11 ഉത്പന്ന വിഭാഗങ്ങൾക്കാണ് പ്രധാന ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

കേരളത്തിനകത്തും പുറത്തും ഉത്പാദന യൂണിറ്റുകളുള്ള സ്ഥാപനങ്ങൾക്കും ഇനി ‘കേരളാ ബ്രാൻഡ്’ അംഗീകാരത്തിന് അപേക്ഷിക്കാം. എന്നാൽ കേരളത്തിലെ പ്ലാന്റിൽ നിർമിക്കുന്ന ഉത്പന്നങ്ങളുടെ പാക്കേജിംഗിൽ മാത്രമേ ‘കേരളാ ബ്രാൻഡ്’ ലോഗോ ഉപയോഗിക്കാൻ അനുമതിയുള്ളു.

ഒരു സ്ഥാപനത്തിന് ഒന്നിലധികം ഉത്പാദന യൂണിറ്റുകളുണ്ടെങ്കിൽ, ഉദ്യം രജിസ്ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിനും പ്രത്യേകം അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം താലൂക്ക് തല കമ്മിറ്റിയാണ് അന്തിമ അനുമതി നൽകുക.

അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തേക്ക് ‘കേരളാ ബ്രാൻഡ്’ മുദ്ര ഉപയോഗിക്കാം. കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പുതുക്കലിന് അപേക്ഷിക്കാനും അവസരമുണ്ട്.

അതേസമയം, സ്ഥാപനങ്ങളിൽ ബാലവേല പൂർണമായും നിരോധിച്ചിരിക്കണമെന്ന വ്യവസ്ഥ തുടരും. കൂടാതെ തേയില, കാപ്പി ഉത്പാദന യൂണിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും മറ്റ് ഉത്പാദന യൂണിറ്റുകളിൽ 10 ശതമാനവും സ്ത്രീകൾ, ട്രാൻസ്ജെൻഡർ വിഭാഗം, ഭിന്നശേഷിക്കാർ എന്നിവരിൽ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

You may also like