തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സ്വകാര്യ ബസുകളുടെ പ്രതിദിന വരുമാനം സർക്കാരിന് നൽകാമെന്നും, പകരമായി ഓരോ ബസിനും ഓടുന്ന കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു.
ഡ്രൈവർമാരെ സ്വകാര്യ ബസ് ഉടമകൾ തന്നെ നിയമിക്കുമെന്നും, കണ്ടക്ടർമാരെ സർക്കാർ നിയമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചെലവ് സ്വകാര്യ ബസ് ഉടമകൾ വഹിക്കുമെന്നും അവർ അറിയിച്ചു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്നും, അതിന് ആവശ്യമായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം, ഈ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കാത്ത പക്ഷം ഈ മാസം 30 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ നിലച്ചുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

