Home Top Storiesജനസംഖ്യാ വ്യതിയാന സമിതി രാഷ്ട്രീയ നീക്കം; വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് പിണറായി വിജയൻ

ജനസംഖ്യാ വ്യതിയാന സമിതി രാഷ്ട്രീയ നീക്കം; വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് പിണറായി വിജയൻ

by news_desk1
0 comments

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ സുരക്ഷയുടെ മറപിടിച്ച് രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ഈ സമിതിയെന്ന് അദ്ദേഹം ആരോപിച്ചു.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളിലെ ആശയങ്ങളാണ് സമിതിയുടെ പ്രവർത്തന വ്യവസ്ഥയുടെ അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്റർ പദ്ധതികളുടെയും തുടർച്ചയായാണ് ഈ സമിതിയെ കാണേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ സംഘപരിവാർ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക സെൻസസ് വിവരങ്ങൾ ലഭിക്കുന്നതിന് മുമ്പ് അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം നടപടികൾ ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടത്തിയ സമയത്ത് അതിന്റെ മറവിൽ പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേ മാതൃകയിൽ, സെൻസസിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചിരിക്കുകയാണെന്നും ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലും അസമിലുമുള്ള തിരഞ്ഞെടുപ്പുകൾക്ക് ശേഷം അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ വർധിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഫെഡറൽ തത്വങ്ങളെ മറികടന്ന് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിടുന്ന ആർഎസ്എസ് അജണ്ടയ്ക്കെതിരെ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ അതേ ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനസംഖ്യാ വ്യതിയാന സമിതിയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയാണ് പിണറായി വിജയൻ സാമൂഹിക മാധ്യമ പോസ്റ്റ് അവസാനിപ്പിച്ചത്.

You may also like