ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഇരുവർക്കും ആവശ്യമായ ചികിത്സ നൽകി വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ഒരേ രീതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പടരുന്നത്. ഭക്ഷണം തയ്യാറാക്കുന്നവരിൽ നിന്നുമുള്ള രോഗവ്യാപനത്തിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യശാലകളിൽ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും, ക്ലോറിനേഷൻ നടത്തി പൂർണമായും ശുദ്ധീകരിച്ച വെള്ളം മാത്രം ഉപഭോക്താക്കൾക്ക് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

