തൃശ്ശൂർ: പെരുമ്പിലാവിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 35 കിലോഗ്രാം കഞ്ചാവും കടത്തിന് ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ നിന്ന് തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ കർഷക-മലയോര മേഖലകളിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മുതൽ പൊലീസ് സംഘം റോഡിൽ നിരീക്ഷണം ശക്തമാക്കി. ഈ സമയം സംശയാസ്പദമായി എത്തിയ സ്വിഫ്റ്റ് കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതികൾ വാഹനം നിർത്താതെ അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടറുടെ വാഹനം ഇടിച്ചുതകർത്തു
പിന്നാലെ പാഞ്ഞ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതികൾ തങ്ങളുടെ കാർ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി. വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഉടൻ കാർ വളയുകയും പ്രതികളെ കീഴ്‌പ്പെടുത്തുകയും ചെയ്തു.
പിടിയിലായ സനൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കർണാടകയിലെ ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
ലഹരി വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് പ്രധാന കണ്ണികളെ കണ്ടെത്തുന്നതിനായി പ്രതികളുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു.

