ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ ഫ്ളൈഓവറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ ശർമ്മയാണ് യുവാവിനെ അപകടാവസ്ഥയിൽ നിന്ന് സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അനിൽ ശർമ്മയ്ക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നതായി ഡൽഹി പൊലീസിന്റെ എമർജൻസി നമ്പറിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഫ്ളൈഓവറിന്റെ അരികിൽ അപകടകരമായ നിലയിൽ നിൽക്കുന്ന യുവാവിന്റെ അടുത്തെത്തിയ പൊലീസ് ശാന്തമായി സംസാരിക്കുകയും ശ്രദ്ധ തിരിക്കുന്നതിനായി വെള്ളം നൽകുകയും ചെയ്തു.
സംഭാഷണത്തിനിടെ യുവാവിനെ തീരുമാനം പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ച എസ്ഐ അനിൽ ശർമ്മ പിന്നീട് തന്റെ മൊബൈൽ ഫോൺ യുവാവിന് നൽകി. ഒരു കോൾ ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചുവിട്ട ശേഷം ഫോൺ വാങ്ങാൻ യുവാവ് കൈ നീട്ടിയ നിമിഷം മുതലെടുത്ത് അദ്ദേഹം യുവാവിനെ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഡൽഹി പൊലീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. “മനുഷ്യത്വവും കടമയും കൈകോർക്കുമ്പോൾ ജീവൻ രക്ഷിക്കപ്പെടുന്നു” എന്ന തരത്തിലുള്ള നിരവധി പ്രശംസാ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
സംഭവത്തെ കുറിച്ച് ഡൽഹി പൊലീസ് വ്യക്തമാക്കിയത്, സ്ഥലത്തെത്തിയ എസ്ഐ അനിൽ ശർമ്മ യുവാവിനെ സംസാരിച്ച് ശാന്തനാക്കുകയും വെള്ളം നൽകി ശ്രദ്ധ മാറ്റുകയും, ശരിയായ സമയത്ത് ഇടപെട്ട് ഫ്ളൈഓവറിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഇടപെടലാണ് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കാരണമായത്.

